തൃശൂർ: ആഘോഷിക്കാനും ആചരിക്കാനും ആരുമുണ്ടായില്ലെങ്കിലും കേരളത്തിലെ ഓരോ അടിസ്ഥാന വർഗ്ഗ കുടുംബത്തിനും കിടപ്പാടവും കൃഷിഭൂമിയും അവകാശമായി നിശ്ചയിച്ച ഭൂപരിഷ്കരണ നിയമത്തിൻ്റെ ഉപജ്ഞാതാവ് ഫാ.ജോസഫ് വടക്കൻ്റെ 105-ാം ജന്മദിനം ഒക്ടോബർ ഒന്നിന് കടന്നു പോകുകയാണ്. ആർപ്പ് വിളിക്കാൻ പൊട്ടൻമാരായ അണികള സൃഷ്ടിക്കാതെ പോയ കർഷക തൊഴിലാളി പാർട്ടിയുടെ സ്ഥാപകൻ, ജന്മിത്തത്തിനും കുടിയിറക്കിന്നും എതിരെ പോരാടിയ കർഷക സംഘടനയായ മലനാട് കർഷക യൂണിയൻ്റെ സ്ഥാപകനും നേതാവും, മലയാള മാധ്യമ പ്രവർത്തനത്തിന് നിരവധി പ്രതിഭാധനരായ മാധ്യമ പ്രവർത്തകരെ സംഭാവന ചെയ്ത തൊഴിലാളി പത്രത്തിൻ്റെ സ്ഥാപകൻ, ലക്ഷം വീട് പദ്ധതികൾക്ക് അടിത്തറയിട്ട സോഷ്യൽ ആക്ഷൻ്റെ സ്ഥാപകൻ, സംസ്ഥാനത്തിൻ്റെ സാധുജന സേവനത്തിനായി ലോട്ടറി എന്ന സമ്പ്രദായം കേരളത്തിൽ ആദ്യമവതരിപ്പിച്ച സാമ്പത്തിക വിദഗ്ധൻ, വൻ വിവാദങ്ങൾക്ക് കാരണമായ എൻ്റെ കുതിപ്പും കിതപ്പും, ലിബറേഷൻ തിയോളജി, പടിഞ്ഞാറൻ പര്യടനം തുടങ്ങി നിരവധി ഗ്രന്ഥങ്ങളുടെ കർത്താവ് എന്നിങ്ങനെ കേരള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സാഹിത്യ മേഖലകളിൽ എല്ലായിടത്തും ഒരു കാലത്ത് കേരളത്തെ നിയന്ത്രിച്ചിരുന്ന രാഷ്ട്രതന്ത്രജ്ഞനും ഗാന്ധിയനും കമ്യൂണിസ്റ്റ് പാർട്ടിയോട് സഖ്യമുണ്ടാക്കിയ കമ്യൂണിസ്റ്റ് വിരുദ്ധനുമായ നേതാവായിരുന്നു കത്തോലിക്കാ പുരോഹിതനായിരുന്നു ഫാ.ജോസഫ് വടക്കൻ. പത്രം ഏജൻ്റും കർഷകനും അധ്യാപകനും കോൺഗ്രസ് സെക്രട്ടറിയും ഒക്കെയായി പ്രവർത്തിച്ചിട്ടുള്ള ഫാ.വടക്കൻ പിന്നീട് സെമിനാരിയിൽ ചേർന്ന് പുരോഹിതനായ അപൂർവ്വ വ്യക്തിത്വമായിരുന്നു. ഇടയ്ക്ക് കത്തോലിക്കാ സഭയിലെ നവീകരണത്തിനായി പരിശ്രമിച്ചതിൻ്റെ പേരിൽ സഭാ വിലക്കുകളും നിരോധനങ്ങളും നേരിട്ട പുരോഹിതനായിരുന്നു ഫാ. വടക്കൻ. ആധുനിക കേരള കത്തോലിക്കാ സഭയിൽ വിശ്വാസ പ്രവർത്തനങ്ങളിൽ പരിവർത്തനത്തിന് തുടക്കം കുറിച്ചതും ഫാ.വടക്കനായിരുന്നു. സെമിനാരി പഠന കാലത്തും കേരള രാഷ്ടീയത്തിൽ ബ്രദർ വടക്കൻ എന്ന പേരിൽ സമര നായകനായി നിറഞ്ഞു നിന്നിരന്ന അദ്ദേഹമാണ് ഇഎംഎസിൻ്റെ ഒന്നാം സർക്കാരിന് അന്ത്യം കുറിച്ച വിമോചന സമരത്തിൻ്റെ സൂത്രധാരനും ശക്തികേന്ദ്രവും. ആൻ്റി കമ്യൂണിസ്റ്റ് ഫ്രണ്ട് (കമ്യൂണിസ്റ്റ് വിരുദ്ധമുന്നണി ) ഫ്രണ്ടിൻ്റെ സ്ഥാപകനും നേതാവുമായി വിളങ്ങിയ ഫാ.വടക്കൻ വിമോചന സമരത്തിലൂടെ കേരളത്തിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ തകർത്തെറിഞ്ഞുവെങ്കിലും അതേ കമ്യൂണിസ്റ്റുകളുമായി 1967 സഖ്യമുണ്ടാക്കി ഭരണം തിരികെ പിടിച്ചതും ചരിത്രമാണ്. കേരളത്തിലെയും തമിഴുനാട്ടിലെയും കർഷക കുടിയിറക്കുകൾക്കെതിരെ കമ്യൂണിസ്റ്റ് ആചാര്യൻ എ.കെ.ഗോപാലനോടും കമ്യൂണി സ്റ്റ് വിരുദ്ധനായ ബി.വെല്ലിംഗ്ടൺ, മത്തായി മാഞ്ഞൂരാൻ, ജോൺ മാഞ്ഞൂരാൻ, കെപിആർ ഗോപാലൻ, എൻ.ഇ.ബാലറാം എന്നിവർക്കൊപ്പം നേതൃത്വം നേരിട്ട് ഏറ്റെടുത്ത് സമരങ്ങൾ നയിച്ചു. ഒടുവിൽ കേരളത്തിലെ എല്ലാത്തരം കുടിയിറക്കുകൾക്കുമെതിരെ 1968ൽ രണ്ടാം ഇ എം എസ് മന്ത്രിസഭ അവതരിപ്പിക്കുകയും 1970 ൽ സി.അച്യുതമേനോൻ - കോൺഗ്രസ് മുന്നണി ഭരണത്തിൽ നടപ്പിലാക്കുകയും ഇപ്പോഴും നിലനിൽക്കുകയും ചെയ്യുന്ന കേരള ഭൂപരിഷ്കരണ നിയമത്തിൻ്റെ കരട് തയാറാക്കിയത് ഇതേ ഫാ: വടക്കായിരുന്നു. കേരള രാഷ്ട്രീയത്തിൽ പിരിച്ചുവിടപ്പെട്ട ആദ്യ രാഷ്ട്രീയ പാർട്ടി ഫാ.വടക്കൻ തന്നെ സ്ഥാപിച്ച കെടിപി ( കർഷക തൊഴിലാളി പാർട്ടി ) ആയിരുന്നു. സമീപകാലത്ത് ഭൂ നിയമങ്ങളിൽ അട്ടിമറികൾക്ക് നീക്കം തുടങ്ങിയ സാഹചര്യത്തിൽ കെടിപി വീണ്ടും പുനരവതരിച്ചിട്ടുണ്ട്. ഇതിൻ്റെ വ്യാപനത്തിനായി പല കോണുകളിലും പ്രവർത്തനവും തുടങ്ങിയിട്ടുണ്ട്. അമേരിക്കയുടെ ദേശീയ ടെലെവിഷനിൽ പ്രഭാഷണം നടത്തിയ ആദ്യ മലയാളിയും ഫാ. ജോസഫ് വടക്കനായിരുന്നു!
- ജീവിതരേഖ -
രാഷ്ട്രീയ-സന്നദ്ധ പ്രവർത്തകനായ ഒരു ക്രിസ്ത്യൻ പുരോഹിതനായിരുന്നു ഫാദർ വടക്കൻ എന്ന പേരിൽ പ്രശസ്തനായ ഫാ.ജോസഫ് വടക്കൻ (1 ഒക്ടോബർ 1919 – 28 ഡിസംബർ 2002). സ്വാതന്ത്ര്യസമര സേനാനിയും കർഷക തൊഴിലാളി പാർട്ടി (KTP) എന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥപകനുമാണ് ഫാദർ വടക്കൻ. നിരവധി പ്രക്ഷോഭങ്ങൾക്കും പ്രതിഷേധ മാർച്ചുകൾക്കും സത്യാഗ്രഹങ്ങൾക്കും അദ്ദേഹം നേതൃത്ത്വം നൽകി. അറസ്റ്റ് വരിക്കുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാപുരോഹിതനായിരുന്ന അദ്ദേഹത്തിന് ഒരു സന്ദർഭത്തിൽ സഭ ഭ്രഷ്ട് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും പിന്നീട് സഭയും വടക്കനും രമ്യതയിലെത്തിയിട്ടുമുണ്ട്.
തൃശൂർ തൊയക്കാവിലെ വടക്കൻ ഇട്ടിക്കുരുവിന്റെയും കുഞ്ഞില ഇട്ടിക്കുരുവിന്റേയും മകനായാണ് ഫാദർ ജോസഫ് വടക്കന്റെ ജനനം. അദ്ധ്യാപകനായി ജോലിചെയ്തിരുന്ന യുവപ്രായത്തിൽ മറ്റു അദ്ധ്യാപകരെ സംഘടിപ്പിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കുചേർന്നു. 'തൊഴിലാളി' എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ചുവന്ന ആഴ്ചപ്പതിപ്പ് പിന്നീട് ദിനപത്രമായി വളർന്നു. 1958-ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറിനെതിരെയുണ്ടായ വിമോചന സമരത്തിൽ ജോസഫ് വടക്കൻ പ്രധാന പങ്കുവഹിച്ചു. എന്നാൽ മറ്റു ചില പ്രക്ഷോഭങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലനുമായി അദ്ദേഹം ഒരുമിച്ചു നിന്നു. പിന്നീട് കേരളത്തിലെ കുടികിടപ്പ് കർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിക്കുകയും ബി.വെല്ലിംഗടനുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപവൽകരിക്കുകയും ചെയ്തു.
1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫാദർ വടക്കൻ കണ്ണൂർ നിയോജകമണ്ഡലത്തിൽ കർഷക തൊഴിലാളി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 10,000 ൽ അധികം വോട്ടു പിടിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനുശേഷം അദ്ദേഹം പാർട്ടി പിരിച്ചുവിടുകയും സജീവരാഷ്ട്രീയം അവസാനിപ്പിയ്ക്കുകയും ചെയ്തു. തുടർന്ന് മുഴുവൻ സമയം പൗരോഹിത്യത്തിനായി ചെലവഴിച്ച അദ്ദേഹം, 2002 ഡിസംബർ 28-ന് 83-ആം വയസ്സിൽ അന്തരിച്ചു.
When the 105th birthday of Fr. Vadakan, who changed the history of Kerala, passes by without anyone remembering....